കരിന്തളം 400 കെവി വൈദ്യുതി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകൾ പരിഹരിക്കുന്നതിനു വേണ്ടി വൈദ്യുതി പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് തിരുവനന്തപുരത്ത് വെച്ച് വിളിച്ചു ചേർത്ത യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. മുൻ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നഷ്‌ട പരിഹാരം അപര്യാപ്തമാണെന്നും അത് അംഗീകരിക്കുവാൻ കഴിയില്ലെന്നും പുന: പരിശോധന നടത്തി നഷ്ട പരിഹാര പാക്കേജ് ഉണ്ടാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രസ്തുത വിഷയം ഗൗരവകരമായി കാണണമെന്ന് എം എൽ എമാരടക്കമുള്ള ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചു. വിഷയം അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും മന്ത്രിസഭയുടെ തീരുമാനം ആവശ്യമായതിനാൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും അറിയിച്ചു. വൈദ്യുതി ലൈൻ കടന്നു പോകുന്ന കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ ഉള്ള ക്രമീകരണത്തിൽ മാറ്റം വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യം മുൻ നിർത്തി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് നൽകുവാൻ സമിതിയെ ചുമതലപ്പെടുത്തി. യോഗത്തിൽ എംഎൽഎ മാരായ അഡ്വ. സജീവ് ജോസഫ്, കെ.കുഞ്ഞികൃഷ്ണൻ, വി.കെ. സനോജ്, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ, കെഎസ്ഇ ബി എൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ രാജമാണിക്യം ഐ എഎസ്, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Minister Sunny Joseph hands over Karinthalam power line. Extensive discussion held in Thiruvananthapuram




















